അടക്കുക

ചരിത്രം

കഴിഞ്ഞകാലം

കണയന്നൂർ,കൊച്ചി,കുന്നത്തുനാട്,ആലുവ , പറവൂർ എന്നീ താലൂക്കുകളെ ഉൾപ്പെടുത്തി എറണാകുളം ജില്ല എന്ന ആശയം യാഥാർഥ്യമായത് 1958 ഏപ്രിൽ 1 ന് ആണ് . 1957 ൽ കേരള ഫൈൻ ആർട്സ് ഹാളിൽ മണിക്കൂറുകളോളം നീണ്ട ചർച്ചക്കൊടുവിലാണ് ഇത്തരമൊരാശയം ഉരുത്തിരിഞ്ഞത് .സാമൂഹിക സാംസ്കാരിക മധ്യമരംഗങ്ങളിലെ പ്രമുഖർ ഈ ചർച്ചയിൽ പങ്കാളികളായി .

‘എറണാകുളം’ എന്ന നാമത്തിന്റെ ഉത്ഭവത്തെച്ചൊല്ലി ഐതിഹ്യസ്പര്ശിയായ പരാമർശങ്ങളുണ്ട്. ‘ഇറങ്ങിയൽ’ എന്ന ഒരു തരാം ചേറിൽ നിന്നാണ് ഈ പദമുണ്ടായതെന്നു കോമാട്ടിൽ അച്യുതമേനോൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. തമിഴ് നാട്ടിൽ പരമശിവനെ ‘ഇറയനാർ’ എന്ന് വിളിച്ചിരുന്നു .കേരളത്തിലും ഇതാവർത്തിക്കപ്പെട്ടു. പിന്നീട് ‘ഇറയനാർ ‘ എറണാകുളമായതാണെന്നു ഒരു കൂട്ടർ വിശ്വസിക്കുന്നു . എ ഡി 1342 നും 1347 നും ഇടയ്ക്ക് കേരളതിന്റെ തീരദേശങ്ങളിൽ സഞ്ചരിച്ച ‘ഇബ്നുബത്തൂത്ത ‘ എന്ന സഞ്ചാരി കൊച്ചിയെപ്പറ്റി സാന്ദര്ഭികമായിപ്പോലും സൂചിപ്പിക്കുന്നില്ല .’കൊച്ചി ‘ എന്ന സംജ്ഞ രണ്ടു വാക്കുകളുടെ കൂടിച്ചേരലാണ് . ചെറിയ എന്ന അർത്ഥത്തിൽ ‘കൊച്ച് ‘ , നദീമുഖം എന്ന അർത്ഥത്തിൽ ‘ആഴി ‘.

എ ഡി 1405 ൽ പെരുമ്പടപ്പ് ആസ്ഥാനമായ മഹോദയപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റി . തുടർന്ന് അദ്ദേഹവും പിന്മുറക്കാരും കൊച്ചി രാജാക്കന്മാർ എന്നറിയപ്പെട്ടു . കൊച്ചിരാജാവും കോഴിക്കോട് സാമൂതിരിയും തമ്മിൽ ശത്രുത വളർന്ന കാലമായിരുന്നു , 15 ആം നൂറ്റാണ്ട്. കോഴിക്കോട് ഇടം കിട്ടാതെ കൊച്ചിയിലെത്തിയ പോർച്ചുഗീസ്‌കാർ ഈ രണ്ടു നാട്ടുരാജാക്കന്മാർ തമ്മിലുള്ള ശത്രുത മുതലെടുക്കാൻ തീർച്ചയാക്കി . കൊച്ചിരാജാവുമായി സൗഹൃദത്തിലായ പോർച്ചുഗീസ്‌കാർക്ക് കച്ചവടത്തിന് വേണ്ട സകലസഹായങ്ങളും അദ്ദേഹം നൽകി . പാണ്ടികശാല കൊച്ചിയിൽ തുറക്കാനും രാജാവ് അവരെ അനുവദിച്ചു . കൊച്ചിരാജാവിന്റെ പ്രവർത്തിയിൽ ക്ഷുഭിതനായ സാമൂതിരി യുദ്ധസന്നാഹത്തോടെ കൊച്ചിയിലെത്തി .പിന്നീടുണ്ടായ യുദ്ധത്തിൽ കൊച്ചിരാജാവ് തോറ്റെങ്കിലും പോർച്ചുഗീസിൽനിന്ന് കൊച്ചിയിൽ യഥാസമയത്തെത്തിയ പടക്കപ്പൽ അദ്ദേഹത്തിനു രക്ഷയായി .സാമൂതിരി പരാജയപ്പെട്ടു . പിന്നീടുള്ള വർഷങ്ങളിൽ പോർച്ചുഗീസ്‌കാരും കൊച്ചിരാജാവും തമ്മിലുള്ള ബന്ധം വഷളായി . 1663 ൽ ഡച്ചുകാരുടെ സഹായത്തോടെ കൊച്ചിരാജാവ് പോർച്ചുഗീസ്‌കാരെ കൊച്ചിയിൽ നിന്നും തുരത്തി.

കൊച്ചി ഭരിച്ച രാജാക്കന്മാരിൽ ഏറ്റവും ശക്തനും പ്രതാപശാലിയും ശക്തൻ തമ്പുരാനായിരുന്നു .അദ്ദേഹം രാജ്യത്തിൻറെ വ്യാപ്തി വർദ്ധിപ്പിച്ചു . ചേന്ദമംഗലം സ്വദേശികളായ പാലിയത്തച്ചന്മാരാണ് 150 വർഷത്തോളം കൊച്ചി രാജാക്കന്മാരുടെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചത് . 1800ൽ ബ്രിട്ടീഷുകാർ കൊച്ചിയുടെ  ഭരണമേറ്റെടുത്തു .അവരുടെ മേൽക്കോയ്മ അംഗീകരിച്ച്‌ കപ്പം കൊടുത്തുകൊണ്ടായിരുന്നു കൊച്ചിരാജാക്കന്മാരുടെ തുടർന്നുള്ള ഭരണം.

സെമറ്റിക് മതങ്ങളുടെ പ്രവേശം

വിവിധ മതവിശ്വാസങ്ങളിൽപ്പെട്ടവരുടെ മൈത്രിയും സഹവർത്തിത്വവുമാണ് കൊച്ചിയുടെ മഹിമകളിലൊന്ന്.ക്രൈസ്തവരും ജൂതരും മുസ്ലിംങ്ങളും ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായവുമായി ഐക്യത്തിൽ കഴിയാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി .ഇവരിൽ ജൂതസമുദായത്തിൽപ്പെട്ടവരുടെ എണ്ണം തീരെ കുറഞ്ഞുപോയിട്ടുണ്ട്.എ ഡി 52 ൽ സെൻറ് തോമസ് കൊടുങ്ങലൂരിൽ കപ്പലിറങ്ങുകയും ഏഴു സ്ഥലങ്ങളിലായി ഏഴു പള്ളികൾ സ്ഥാപിക്കുകയും ചെയ്തുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എ ഡി 1555 നും 1601 നും ഇടയിലുള്ള കാലത്താണ് മട്ടാഞ്ചേരി ജൂതർക്കായി ഒരു നഗരം രൂപംകൊണ്ടത് .അന്നത്തെ കൊച്ചി രാജാവായിരുന്ന കേശവരാമവർമ്മ ഇതിനായി എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു.മട്ടാഞ്ചേരിയിലും ഫോർട്കൊച്ചിയിലും ഇടപ്പള്ളിയിലുമുള്ള മുസ്ലിം പള്ളികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.ഫോർട്കൊച്ചിയിലെ 500 വർഷം പഴക്കമുള്ള കൽവാത്തിപള്ളി കൊച്ചിയുമായി വാണിജ്യബന്ധം സ്ഥാപിച്ചിരുന്ന അറബികളുടെ സംഭാവയാണ്.കൊച്ചിയുടെ നഗരപ്രാന്തങ്ങളിൽ ആഗ്ലോഇന്ത്യൻ വംശജരും ജൈനരും സിഖുകാരും കാലങ്ങളായി ഒത്തൊരുമിച്ചു ജീവിച്ച പോരുന്നു .

പ്രകൃതിയുടെ വരദാനം

എറണാകുളം ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും വൃക്ഷലതാദികളും പക്ഷിമൃഗാദികളും കൊണ്ട് സമ്പന്നമാണ്. വേമ്പനാട്ടുകായലും കൊടുങ്ങല്ലൂർക്കായാലും കൂടാതെ പെരിയാറും മൂവാറ്റുപുഴയാറും തൊടുപുഴയാറും ജില്ലയെ ജലസമൃദ്ധമാക്കുന്നു.കൃഷിയുടേയും ,വ്യവസായത്തിന്റേയും കച്ചവടത്തിന്റേയും വികസനത്തിനും യാത്രാസൗകര്യത്തിനും ജനങ്ങൾ കൂടുതലായി ഇവയെ ആശ്രയിക്കുന്നു .ഗോശ്രീയും വാരാപ്പുഴപ്പാലം പോലെയുമുള്ള, കൂറ്റൻ പാലങ്ങൾ വന്നതോടെ ജലഗതാഗതത്തിന്റെ പ്രധാന്യം കുറഞ്ഞിട്ടുണ്ട് .എങ്കിലും ദേശിയ അന്തർദേശീയ വിനോദസഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ആകർഷണമാണ് കൊച്ചികായലിലൂടെയുള്ള ബോട്ട് യാത്ര .കാലവർഷം എറണാകുളം ജില്ലയെ മുറതെറ്റാതെ അനുഗ്രഹിച്ചിട്ടുണ്ട്.മഴയുടെ അളവ് തീരെ കുറയുക പതിവില്ല.കണ്ടൽക്കാടുകൾ ജില്ലയുടെ പലഭാഗങ്ങളിലും ധാരാളമായിട്ടുണ്ട്.465 ചതുരശ്രകിലോമീറ്റർ വരുന്ന കണ്ടൽക്കാടുകൾ .കോടനാട് ,കോതമംഗലം ഭാഗങ്ങളിൽ പരിസ്ഥിതി മിക്കവാറും സുസ്ഥിരമാണ്.നെല്ലും ,തേങ്ങയും കൂടാതെ നാണ്യവിളകൾക്കും ജില്ലയിൽ ചെറുതല്ലാത്ത സ്ഥാനമുണ്ട് .പൈനാപ്പിൾ ഏറ്റവുമധികം വിളയുന്ന കേരളത്തിലെ ഏക പ്രദേശം വാഴകുളമാണ്.തട്ടേക്കാട് , മംഗളവനം എന്നീ പക്ഷിസങ്കേതങ്ങൾ വംശനാശം നേരിടുന്ന പക്ഷികൾക്കുള്ള അഭയകേന്ദ്രങ്ങലാണ്.