അടക്കുക

പുതുയുഗം

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്ക്ക് എന്ട്രന്സ് പരീക്ഷാ പരീശീലനം നല്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് പുതുയുഗം. വിഷയം എത്രമാത്രം മനസിലാക്കിയിട്ടുണ്ടെന്നും അപഗ്രഥനശേഷി എത്രത്തോളുമുണ്ടെന്നും പരിശോധിക്കുന്ന എന്ട്രന്സ് പരീക്ഷകള്ക്ക് വിദ്യാര്ത്ഥികളെ പദ്ധതി സജ്ജരാക്കുന്നു.
മെഡിക്കല്, എഞ്ചിനീയറിങ് പ്രവേശനപരീക്ഷകള്ക്കും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും വിദ്യാര്ത്ഥികള്ക്ക് പരിശീലനം നല്കുകയാണ് പുതുയുഗം പദ്ധതിയുടെ പ്രധാനലക്ഷ്യം. ജില്ലയിലെ സര്ക്കാര്, എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്ത്ഥികളെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്. വാര്ഷിക വരുമാനം ഒരു ലക്ഷം രൂപയില് താഴെയുള്ള കുടുംബങ്ങളില് നിന്നുള്ള 400 വിദ്യാര്ത്ഥികള്ക്കാണ് കഴിഞ്ഞ വര്ഷം പരിശീലനത്തിന് അവസരം ലഭിച്ചത്. പ്രത്യേക പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്.
തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്ത്ഥികള്ക്ക് മെഡിക്കല്, എഞ്ചിനീയറിങ് പ്രവേശനപരീക്ഷ ലക്ഷ്യമിട്ട് 450 മണിക്കൂര് പരിശീലനം നല്കി. 50 മണിക്കൂറാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലുള്ള പരിശീലനം.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില് മത്സ്യത്തൊഴിലാളി മേഖലയിലെ കുട്ടികളെ പ്രത്യേകമായി ഉള്പ്പെടുത്താന് ജില്ലാ ഭരണകൂടം തീരുമാനിച്ചതിനെ തുടര്ന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്ത്ഥികള്ക്കായി ഈ വര്ഷം പ്രത്യേകം യോഗ്യതാ നിര്ണയ പരീക്ഷ നടത്തി. മത്സ്യത്തൊഴിലാളികളുടെ മക്കള്ക്കായി നടത്തിയ അഭിരുചി നിര്ണയ പരീക്ഷയില് നിന്ന് 50 പേരെയാണ് തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുക. ഇതോടെ ഈ വര്ഷം 450 വിദ്യാര്ത്ഥികള്ക്ക് പുതുയുഗം പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഫിഷറീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്നതാണ് പരിശീലന പരിപാടി.
എന്ട്രന്സ് പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസുകള് അല്ഫോന്സ് കണ്ണന്താനം അക്കാദമി ഓഫ് കരിയര് എക്സലന്സിന്റെയും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകള് സതര്ലാന്ഡ് ഗ്ലോബല് സര്വീസസിന്റെയും പിന്തുണയോടെയാണ് സംഘടിപ്പിക്കുന്നത്. പദ്ധതിക്കാവശ്യമായ സാമ്പത്തിക പിന്തുണ കൊച്ചിന് ഷിപ്പ്യാര്ഡും ഭാരത് പെട്രോളിയം കോര്പ്പറേഷനും നല്കും.