അടക്കുക

നുമ്മ ഊണ്

ജില്ലാഭരണകൂടം മുന്കയ്യെടുത്ത് നടപ്പാക്കിയ വിശപ്പുരഹിത നഗരം പദ്ധതി ‘നുമ്മ ഊണി’ലൂടെ പ്രതിദിനം 500 പേര്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്നു. വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായിട്ടാണ് ജില്ലാ ഭരണകൂടത്തിന്റെ നുമ്മ ഊണ് വിശപ്പുരഹിത നഗരം പദ്ധതി.
പൈലറ്റ് പ്രോജക്ടായി നഗരത്തില് തുടങ്ങിയ പദ്ധതി ഫലപ്രദമാണെന്നു കണ്ടെത്തിയ സാഹചര്യത്തില് 500 പേര്ക്ക് ഭക്ഷണമൊരുക്കുകയായിരുന്നു. കൂടാതെ നഗരപ്രദേശങ്ങളിലൊതുങ്ങിയിരുന്ന ‘നുമ്മ ഊണ്’ ഇതോടെ ഗ്രാമങ്ങളിലേക്കുമെത്തി.
20 കൗണ്ടറുകളില് നിന്ന് കൂപ്പണുകള് വിതരണം ചെയ്യുന്നുണ്ട്. തെരഞ്ഞെടുത്ത 39 ഹോട്ടലുകളില്നിന്നാണ് ‘നുമ്മ ഊണ്’ ലഭിക്കുക.
പദ്ധതി കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീനാണ് ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ ആദ്യഘട്ടത്തില് ജില്ലാ കളക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്വെ സ്റ്റേഷനില് നിന്നുമായി നിത്യേന 100 കൂപ്പണുകളാണ് നല്കിയിരുന്നത്. രണ്ടാം ഘട്ടത്തില് മെയ് 11 മുതല് ജില്ല മുഴുവന് പദ്ധതി വ്യാപിപ്പിക്കുകയും കൂപ്പണുകളുടെ എണ്ണം 300 ആയി ഉയര്ത്തുകയും ചെയ്തിരുന്നു.
ജില്ലാ കളക്ടറേറ്റിനും എറണാകുളം സൗത്ത് റെയില്വെ സ്റ്റേഷനും പുറമെ കൊച്ചി താലൂക്ക് ഓഫീസ്, വൈപ്പിന് മാലിപ്പുറം സിഎച്ച്സി, കുന്നത്തുനാട് താലൂക്ക് ഓഫീസ്, പറവൂര് താലൂക്ക് ഓഫീസ്, ആലുവ കെഎസ്ആര്ടിസി സ്റ്റാന്റ്, എറണാകുളം കെ എസ് ആര്ടിസി സ്റ്റാന്റ് (പോലീസ് എയ്ഡ്പോസറ്റ്), മൂവാറ്റുപുഴ പോലീസ് എയ്ഡ്പോസ്റ്റ്(കച്ചേരിത്താഴം), കോതമംഗലം സ്വകാര്യബസ് സ്റ്റാന്റ്, എറണാകുളം നോര്ത്ത് റയില്വെ സ്റ്റേഷന്, അങ്കമാലി റെയില്വെ സ്റ്റേഷന്, വൈറ്റില ഹബ് (എയ്ഡ് പോസ്റ്റ്), പെരുമ്പാവൂര് മുനിസിപ്പല് ഓഫീസ്, കണയന്നൂര് താലൂക്ക് ഓഫീസ്, മട്ടാഞ്ചേരി സര്ക്കാര് ആശുപത്രി, മൂവാറ്റുപുഴ താലൂക്ക്, അങ്കമാലി കെഎസ്ആര്ടിസി സ്റ്റാന്റ്, മൂവാറ്റുപുഴ കെ എസ് ആര്ടിസി സ്റ്റാന്റ്, പിറവം സര്ക്കാര് ആശുപത്രി എന്നിവിടങ്ങളില് നിന്നാണ് നിലവില് കൂപ്പണുകള് നല്കുന്നത്.
പെട്രോനെറ്റ് എല്.എന്.ജി ഫൗണ്ടേഷനും കേരള ഹോട്ടല് ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ എറണാകുളം ജില്ലാകമ്മിറ്റിയുമാണ് പദ്ധതിക്ക് പിന്തുണ നല്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല് രണ്ടുമണി വരെ കൂപ്പണും 12 മണി മുതല് രണ്ടര വരെ ഊണും ലഭിക്കും. അവധിദിവസങ്ങളിലും ഊണിന് മുടക്കമുണ്ടാകില്ല.